കൊരട്ടി തമ്പുരാട്ടിയെന്ന കൊരട്ടി മുത്തി – ചരിത്രം

കൊരട്ടി തമ്പുരാട്ടിയെന്ന കൊരട്ടി മുത്തി!

അഭിനവ ലൂര്‍ദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊരട്ടി ഫൊറോന പള്ളി ജാതിമതഭേദമന്യേ ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന തീര്‍ഥാടനകേന്ദ്രമാണ്. നിറമിഴികളുമായി എത്തുന്നവരെ പ്രത്യാശയും സന്തോഷവും നല്‍കി കൊരട്ടി മുത്തി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ചരിത്രവും വിശ്വാസവും ഇഴചേര്‍ന്ന പള്ളി എഡി 1381 -ലാണ് സ്ഥാപിച്ചത്. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരുപിടി കഥകള്‍ കൊരട്ടി മുത്തിയുടെ ദേവാലയത്തിനുണ്ട്.

 

കൊച്ചി രാജ്യത്തിലെ പ്രഭുക്കന്മാരായിരുന്ന കൊരട്ടി കൈമളും കോടശേരി കര്‍ത്താവും തമ്മിലുള്ള മത്സരവും യുദ്ധവുമെല്ലാം പള്ളിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊരട്ടി കൈമളിന്റെ വിശ്വസ്ത സൈനികരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നു. കര്‍ത്താവിന്റെ പടനായകര്‍ നായന്മാരായിരുന്നു. അധികാരഗര്‍വും ഭരണസ്വാധീനം ഉറപ്പിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങള്‍ പലപ്പോഴും യുദ്ധത്തില്‍ കലാശിച്ചു. ഒരിക്കലുണ്ടായ വലിയ ഏറ്റുമുട്ടലില്‍ കര്‍ത്താവിന്റെ സൈന്യം മുന്നേറ്റം നടത്തിയെങ്കിലും കൈമളിന്റെ ബുദ്ധിമാനായ സേനാനായകന്‍ കൊച്ചുവറീതിന്റെ തന്ത്രപരമായ നീക്കത്തിലൂടെ കര്‍ത്താവിന്റെ പടയാളികളെ പരാജയപ്പെടുത്തി.

വിജയഘോഷയാത്ര കൊരട്ടിയിലേക്ക് വരുന്നതിനിടെ കൊച്ചുവറീത് ശത്രുസൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. കൊരട്ടി സ്വരൂപത്തിന്റെ ഭരണാധികാരി തമ്പുരാട്ടിയെ സംഭവം ഏറെ ദുഃഖത്തിലാഴ്ത്തി. തമ്പുരാട്ടിയുടെ കല്‍പ്പനയനുസരിച്ച് കൊച്ചുവറീതിന്റെ മൃതദേഹം സൈനിക ബഹുമതിയോടെ സംസ്കരിക്കാനായി അമ്പഴക്കാട് പള്ളിയിലേക്ക് കൊണ്ടുപോയി. കോടശേരി കര്‍ത്താവിന്റെ അധീനതയിലുള്ള പ്രദേശത്തായിരുന്നു അമ്പഴക്കാട് പള്ളി. അതുകൊണ്ടുതന്നെ ശവമടക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ത്താവ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കൊരട്ടിയിലേക്ക് കൊണ്ടുവന്നു.

പള്ളിയുടെ മുന്നില്‍ കരിങ്കല്‍ കുരിശിന് സമീപം ശവമഞ്ചം ഇറക്കി. പിന്നീട് ശവമഞ്ചം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അനങ്ങിയില്ലെന്നാണ് ഐതിഹ്യം. വിവരമറിഞ്ഞ തമ്പുരാട്ടി അവിടെത്തന്നെ മറവ് ചെയ്യാന്‍ കല്‍പ്പന പുറപ്പെടുവിച്ചു. ഈ സ്ഥലത്താണ് 20 അടി ഉയരവും 12 ഇഞ്ച് കനവും ഉള്ള കരിങ്കല്‍ കുരിശ് സ്ഥാപിച്ചത്. കൊച്ചുവറീതിനെ സംസ്കരിച്ചതിന് സമീപത്തായി തമ്പുരാട്ടി ദേവാലയം നിര്‍മിക്കാന്‍ തീരുമാനിച്ചു. 1382 സെപ്തംബര്‍ എട്ടിന് നിര്‍മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠ നടത്തി. പിന്നീട് 1987ല്‍ പള്ളി പുതുക്കിപ്പണിതു. ഇതാണ് ഇന്നത്തെ കൊരട്ടി ഫൊറോന പള്ളി.

നാനാജാതിമതസ്ഥര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുകയെന്നത് ഇവിടുത്തെ പ്രധാനചടങ്ങാണ്. ഒന്നര നൂറ്റാണ്ട് മുമ്പ് മേലൂരില്‍നിന്ന് കര്‍ഷകര്‍ ഒരുകുല പൂവന്‍പഴവുമായി പള്ളിയിലേക്ക് വരുമ്പോള്‍ മുരിങ്ങൂരില്‍വച്ച് കര്‍ഷകപ്രമാണി ബലംപ്രയോഗിച്ച് പഴമെടുത്ത് ഭക്ഷിച്ചു. ഇയാള്‍ പിന്നീട് രോഗിയായി മാറിയത്രെ. തുടര്‍ന്ന് ഇയാള്‍ 40 ഏക്കറോളം കൃഷിയിടവും സ്വര്‍ണപൂവന്‍കുലയും പള്ളിക്ക് സമര്‍പ്പിച്ചു. ഇതോടെയാണ് പൂവന്‍കുല നേര്‍ച്ച ആരംഭിച്ചതെന്നാണ് വിശ്വാസം.

 

മനോഹരമായ ഉദ്യാനമധ്യത്തില്‍ ഇന്ത്യന്‍, റോമന്‍, ബൈസന്റയില്‍ ശില്‍പ്പകലാ ചാതുര്യമുള്ള റോസറി വില്ലേജ് ആകര്‍ഷകമായ കാഴ്ചയാണ്. 50 ഭാഷകളില്‍ “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാര്‍ഥനാവരികള്‍ ആലേഖനം ചെയ്തിട്ടുണ്ട്. കല്‍ക്കുരിശില്‍ പള്ളി ചരിത്രങ്ങള്‍ വിവിധ ഭാഷകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. കരിങ്കല്ലില്‍ തീര്‍ത്ത പുരാതനമായ മാമോദീസ തൊട്ടി, അമ്പലങ്ങളില്‍ മാത്രം കാണുന്ന കുത്തുവിളക്ക് എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. തുലാഭാരം, പ്രധാനവാതില്‍ മുതല്‍ അള്‍ത്താരവരെ മുട്ടുകുത്തി നീന്തല്‍ , ഭജന, പള്ളിപരിസരം അടിച്ചുവൃത്തിയാക്കല്‍, എഴുത്തിനിരുത്തല്‍ , ചോറൂട്ട് എന്നിവയെല്ലാമാണ് മറ്റു പ്രധാന ചടങ്ങുകള്‍ .

പരിശുദ്ധ കന്യകാമറിയത്തെ മുത്തിയെന്നും മുത്തിയമ്മയെന്നും ചിലപ്പോള്‍ സംബോധന ചെയ്ത് കണ്ടിട്ടുണ്ട്. അത്‌ ഈ പ്രതിഷ്ഠകള്‍ പ്രാചീനങ്ങളായതു കൊണ്ടല്ല. മുക്‌തി പ്രാപിച്ച വ്യക്‌തി അഥവാ വിശുദ്ധന്‍ അല്ലെങ്കില്‍ വിശുദ്ധ എന്ന അര്‍ത്ഥത്തിലാണ്‌ മുത്തന്‍ അല്ലെങ്കില്‍ മുത്തി എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതെന്ന്‌ ക്രിസ്‌ത്യന്‍ ഫോക്‌ലോര്‍ പറയുന്നു. ഹൃദ്യത കാണിക്കുവാനാണ്‌ ചില ദേവാലയങ്ങളിലെ മാതാവിനെ മുത്തിയമ്മയെന്ന്‌ വിശേഷിപ്പിക്കുന്നതെന്ന്‌ വടവാതൂര്‍ സെമിനാരി പ്രസിദ്ധീകരണമായ ആരാധനക്രമം വിജ്ഞാനകോശത്തില്‍ പറയുന്നുണ്ട്‌. കൊരട്ടി, വെച്ചൂര്‍, കടുത്തുരുത്തി പള്ളികളിലെ പ്രതിഷ്ഠയായ കന്യകാമറിയത്തെ മുത്തിയെന്നും മുത്തിയമ്മയെന്നും വിളിക്കുന്നത് ഇങ്ങനെയാണ്.