കൊരട്ടി പള്ളി താത്‌കാലിക ഭരണസമിതിയുടെ കാലാവധി അവസാനിച്ചു

കൊരട്ടി പള്ളിയുടെ ഭരണനിർവഹണത്തിന് വിശ്വാസികളുടെ പൊതുയോഗം തിരഞ്ഞെടുത്ത താത്‌കാലിക ഭരണസമിതിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടർന്ന് പള്ളിയുടെ ഭരണനിർവഹണം നടത്തിയിരുന്ന കൈക്കാരന്മാരെയും കൗൺസിലർമാരെയും രൂപത വിലക്കിയ സാഹചര്യത്തിലാണ് താത്‌കാലിക സംവിധാനമൊരുക്കിയിരുന്നത്.

അതേസമയം, പുതിയ ഭാരവാഹികളെ സംബന്ധിച്ച രൂപതയുടെ നിർദേശം ബുധനാഴ്ച രാവിലെ കുർബാനകളിൽ ഉണ്ടാകുമെന്നാണ് സൂചന. രണ്ടുമാസം മുമ്പാണ് പൊതുയോഗത്തിൽ ഭരണനിർവഹണത്തിന് 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

പുതിയ ഭരണനിർവഹണസമിതി വരുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

ഞായറാഴ്ച പള്ളിയിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ വൈദികരില്ലാതെ പ്രത്യേക യോഗം നടന്നിരുന്നു. ഇതിൽ നിലവിലെ ഭരണസമിതിയെ നിലനിർത്തണമെന്ന ആവശ്യം നിവേദനമായി പള്ളിവികാരിക്ക് കൈമാറിയിരുന്നു. ഇതിലുണ്ടായ ആശയക്കുഴപ്പം കഴിഞ്ഞദിവസം വിശ്വാസികളിൽ ഇരുഭാഗങ്ങളും തമ്മിൽ സംഘർഷത്തിനിടയാക്കിയിരുന്നു.

നേരത്തേ കുടുംബയൂണിറ്റുകൾ വഴിയാണ് പള്ളി കമ്മിറ്റിയെ കണ്ടെത്തിയിരുന്നത്. ഒക്ടോബറിലെ കൊരട്ടിമുത്തിയുടെ തിരുനാളും അതിനുമുമ്പ് നടക്കേണ്ട സെപ്‌റ്റംബറിലെ ഇടവകദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളും ആരംഭിക്കേണ്ട സമയത്താണ് ഭാരവാഹികളെ സംബന്ധിച്ച അനിശ്ചിതത്വം.