കൊരട്ടിപള്ളിയിലെ മൃതസംസ്കാര വാര്‍ത്തയുടെ സത്യാവസ്ഥ എന്ത് ? വികാരി ഫാ. ജോസ് ഇടശ്ശേരിയുടെ വിശദീകരണം..

 
കൊരട്ടി പള്ളി സിമിത്തേരിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയായില് പ്രചരിക്കുന്ന വാര്ത്തകള് സത്യവിരുദ്ധവും ഏറെ തെറ്റിദ്ധരണാജനകവുമാണ്.
 
കൊരട്ടി പള്ളിക്കെതിരെ പ്രവര്ത്തിക്കുന്ന ചില തല്പരകക്ഷികളുടെ കരങ്ങളാണ് ഇതിന്റെ പിന്നിലെന്നത് പകല്പോലെ വ്യക്തമാണ്. തെറ്റിദ്ധാരണകള് മാറ്റാനാണ് ഈ കുറിപ്പ്:
 
കൊരട്ടിപള്ളി ഇടവകാംഗമായ ഉള്ളാട്ടിക്കുളം പോളിന്റെ ഭാര്യ ഏകദേശം ഒന്നരമാസം മുമ്പ് മരിക്കുകയും അവരെ കുടുംബകല്ലറയില് അടക്കുകയും ചെയ്തു. അതിനുശേഷം ഏട്ട് മൃതസംസ്കാരങ്ങള് നടന്നു.
 
ക്രമപ്രകാരം അവരെ പൊതുകല്ലറകളില് അടക്കുകയും ചെയ്തു. പിന്നീട് ഉള്ളാട്ടിക്കുളം പോള് മരിച്ചപ്പോള് അദ്ദേഹത്തെ കുടുംബകല്ലറയില് അടക്കാന് സാധിക്കാതെ വന്നു.
 
നിയമമനുസരിച്ച് ഒരാളെ ഒരു കല്ലറയില് അടക്കിയാല് പിന്നെ ഒരു വര്ഷം കഴിയാതെ അവിടെ മറ്റൊരു മൃതദേഹം അടക്കാറില്ല.
 
കുടുംബക്കല്ലറ ഉള്ളവരുടെ കാര്യത്തില് അങ്ങനെ വരുമ്പോള് പൊതു കല്ലറയില് അടക്കി ഒരു വര്ഷം കഴിയുന്ന പ്രകാരം ഭൗതികാവശിഷ്ടങ്ങള് എടുത്ത് കുടുംബക്കല്ലറയില് വയ്ക്കുകയാണ് പതിവ്.
 
ഇതനുസരിച്ച് ഉള്ളാട്ടിക്കുളം പോളിന്റെ മൃതദേഹം അടക്കാന് പൊതു കല്ലറ തുറന്നപ്പോഴാണ് മനഃപൂര്വമല്ലാത്ത ഒരബദ്ധം പിണഞ്ഞത്.
 
സാധാരണയായി ഇടവകയില് ഒരാള് മരിച്ചുകഴിഞ്ഞാല് അവരെ അടക്കാനുള്ള കല്ലറ ഒരുക്കുന്നത് ദേവാലയ ശുശ്രൂഷിയുടെ (കപ്യാര്) നിര്ദ്ദേശാനുസരണം കല്ലറ തുറക്കുന്നയാളാണ്.
 
അന്നു ക്രമമനുസരിച്ചു തുറക്കേണ്ട കല്ലറയ്ക്കു പകരം ഏറ്റവും ഒടുവില് സംസ്കരിക്കപ്പെട്ട മേലടത്ത് റോസിയുടെ കല്ലറ തുറക്കാനിടവന്നു.
 
മൃതസംസ്കാ രത്തിനുശേഷം ഏഴിന്റെ തിരുക്കര്മങ്ങളോടനുബന്ധിച്ച് കല്ലറയില് പരേതരുടെ ചിത്രം വരയ്ക്കുകയോ, പേര് എഴുതുകയോ ചെയ്യാറുണ്ട്.
 
കൊറോണയുടെ പശ്ചാത്തലത്തില് കൊരട്ടി പള്ളിയിലെ വികാരിയച്ചനും മറ്റ് അച്ചന്മാരും ക്വാരന്റൈനില് ആയിരുന്നതിനാല് റോസിയുടെ ഏഴാം ദിനാനുസ്മരണ ചടങ്ങുകള് മാറ്റിവച്ചിരുന്നു.
 
അതൊടനുബന്ധിച്ചുള്ള അലങ്കാരങ്ങളോ പേരെഴുത്തോ കല്ലറയില് നടന്നുമില്ല. അതിനാലാകണം കല്ലറ തുറന്നവര്ക്ക് അബദ്ധം സംഭവിച്ചതെന്നു കരുതുന്നു.
 
മണിക്കൂറകള്ക്കകം ഈ അബദ്ധം തിരിച്ചറിയുകയും വികാരിയച്ചനും കൈകാരന്മാരും ചേര്ന്ന് ക്ഷമാപണത്തോടെ രണ്ടു വീട്ടുകാരോടും കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കിയതിനു ശേഷം അവരുടെ സമ്മതത്തോടു കൂടി ക്രമപ്രകാരമുള്ള അടുത്ത കല്ലറ തുറന്ന് മേലടത്ത് റോസിയുടെ മൃതദേഹം വയ്ക്കുകയും അവിടെ വികാരിയച്ചന് പ്രാര്ത്ഥനകളര്പ്പിക്കുകയും ചെയ്തു.
 
കൊട്ടിഘോഷിക്കുന്നതുപോലുള്ള ഒരു കച്ചവടവും ഇവിടെ നടന്നിട്ടില്ല. മൃതസംസ്കാരത്തിനു കൊരട്ടി പള്ളിയില് സാധാരണയായി ഈടാക്കുന്ന ആകെ തുക 1828 രൂപ മാത്രമാണ് രസീത് നമ്പര് 3713 പ്രകാരം വീട്ടുകാരില് നിന്നും വാങ്ങിയിട്ടുള്ളത്.
 
ഈ സംഭവത്തെക്കുറിച്ച് സോഷ്യല് മീഡിയായില് വരുന്ന വ്യാജവാര്ത്തകളില് യാതൊരു കഴമ്പുമില്ല. ഇതേ സംബന്ധിച്ച് പരേതരുടെ കുടുംബാംഗങ്ങള് ഒരിടത്തും ഒരു പരാതിയും കൊടുത്തിട്ടില്ല.
 
മാത്രവുമല്ല വ്യാജവാര്ത്തകളുടെ പശ്ചാത്തലത്തില് ഇരു കുടുംബക്കാരും അവര്ക്ക് ഇതിനെക്കുറിച്ചു യാതൊരു പരാതിയും ഇല്ലെന്ന് വികാരിയച്ചനെയും പൊലീസിനെയും രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.
 
കൊരട്ടി ഇടവക സമാധാനത്തിലേക്കും ഐക്യത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില് അതിനെ തകര്ക്കാന് ശ്രമിക്കുന്നവരുടെ വ്യാജവാര്ത്തകളില് കുടുങ്ങാതെ സത്യത്തിന്റെയും സഹകരണത്തിന്റെയും പാതയിലൂടെ ചരിക്കണമെന്ന് എല്ലാവരോടും അഭ്യര്ത്ഥിക്കുന്നു. കൊരട്ടിമുത്തി ഏവരെയും അനുഗ്രഹിക്കട്ടെ!
 
ഫാ. ജോസ് ഇടശ്ശേരി
വികാരി, സെന്റ് മേരീസ് ചര്ച്ച്
കൊരട്ടി