കുർബാനയും നൊവേനയും ഇനി പഴയ പോലെയാകും

കുർബാനയും നൊവേനയും ഇനി പഴയ പോലെയാകും; വിവാഹ-മരണ ആവശ്യങ്ങൾക്ക് വൈദികനെ തേടി ഇടവകക്കാർ നടക്കുന്നതും ഒഴിവാക്കാം; അങ്കമാലി-എറണാകുളം അതിരൂപതയും കൊരട്ടി ഇടവകയും തമ്മിലുള്ള തർക്കങ്ങളിൽ വെള്ളക്കൊടി ഉയർന്നു; കൊരട്ടി പള്ളിയിൽ ശനിയാഴ്ച ചുമതലയേൽക്കുന്ന പുതിയ വികാരിയെയും സഹവികാരിമാരെയും സ്വീകരിക്കാനൊരുങ്ങി വിശ്വാസികൾ

കൊരട്ടി: അങ്കമാലി -എറണാകുളം അതിരൂപതയും കൊരട്ടി ഇടവകയും തമ്മിൽ നിലനിന്നിരുന്ന തർക്കവിഷയങ്ങളിൽ വെള്ളപ്പുക കണ്ടുതുടങ്ങിയതിൽ വിശ്വാസികൾക്ക് ആഹ്ളാദം. പള്ളിയിലെ ആരാധാനക്രമം വരുന്ന ശനി മുതൽ പൂർവ്വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയാണ് ഇവർക്ക് ഏറെ ആശ്വാസം പകരുന്നത്.

ശനിയാഴ്ച ചുമതലയേറ്റെടുക്കാൻ എത്തുമെന്നറിയിച്ചിട്ടുള്ള പുതിയ വികാരിയെയും സഹവികാരിമാരെയും ആഘോഷപൂർവ്വം സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇടവക ജനങ്ങൾ.

ഫാ.ഡോ. എബ്രഹം ഓലിയപ്പുറത്താണ് പള്ളിയിലെ പുതിയ വികാരി. ഫാ.പോൾ പാറേക്കാട്ടിൽ ,ഫാ.ജോസഫ് മാണിക്കത്താൻ തുടങ്ങിയവരാണ് നിയമിതരായിട്ടുള്ള സഹവികാരിമാർ. ശനിയാഴ്ച ഇവർ ചുമതലയേറ്റെടുക്കാൻ എത്തുമെന്നാണ് പള്ളിയുടെ ഭരണച്ചുമതല വഹിക്കുന്ന കമ്മിറ്റിക്കാരെ രൂപതയിൽ നിന്നും അറിയിച്ചിട്ടുള്ളത്. വൈകിട്ട് 4-ന് ഇവരെ സ്വീകരിക്കാൻ നിലവിലെ പള്ളിഭരണക്കാർ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.